പേരൂര്‍ക്കട: കഴിഞ്ഞ ഒരാഴ്ചയ് ക്കിടെ പൊട്ടിയ പൈപ്പ് കണ്ടെത്താനായി വാട്ടര്‍ അഥോറിറ്റി കരാര്‍ തൊഴിലാളികള്‍ റോഡ് കുഴിച്ചത് അഞ്ചുതവണ ! എന്നാല്‍ പൊട്ടിയ പൈപ്പ് വില്ലനായതോടെ ഇനി എന്തുചെയ്യുമെന്ന ആലോചനയിലാണ് അധികൃതര്‍.
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പിടിപി നഗര്‍ വാട്ടര്‍ അഥോറിറ്റി സെക്ഷന്‍ പരിധിയില്‍ വരുന്ന വേട്ടമുക്ക്-ഇലിപ്പോട് റോഡിലാണ് പൊട്ടിയ പൈപ്പ് കണ്ടെ ത്താൻ സാധിക്കാത്തത്. റോഡിലെ വളവു പിന്തിരിഞ്ഞുവരുന്ന ഭാഗത്ത് പൈപ്പ് പൊട്ടിയെന്ന പരാതിയെത്തുടര്‍ന്നാണ് തൊഴിലാളികള്‍ സ്ഥലത്തെത്തി റോഡ് കുഴിച്ചത്. ഗതാഗതക്കുരുക്കിനു കുപ്രസിദ്ധി നേടിയ വേട്ടമുക്കില്‍ പാര്‍ക്ക് മുതല്‍ ഒരു കിലോമീറ്ററോളം രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായതു മിച്ചം.
രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനുശേഷം കുഴിച്ച ഭാഗം മണ്ണിട്ടുമൂടി ചെടികളുടെ ശാഖകള്‍ നാട്ടിയശേഷം തൊഴിലാളികള്‍ സ്ഥലംവിട്ടു. പൊട്ടിയ പൈപ്പ് കണ്ടെത്തുന്നതിനായി വീണ്ടും അടുത്തദിവസം റോഡിന്റെ മറ്റൊരുഭാഗം കുഴിക്കാന്‍ തുടങ്ങി. ഇതു പലയാവര്‍ത്തി തുടര്‍ന്നു.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അഞ്ചാമത്തെ റോഡ് കുഴിക്കല്‍. എന്നിട്ടും പൊട്ടിയ പൈപ്പ് കണ്ടെത്താനായില്ല. ഇതോടെ ഗതികെട്ട തൊഴിലാളികള്‍ ജോലി മതിയാക്കി സ്ഥലം വിടുകയായിരുന്നു. റോഡിനടിയിലൂടെ കടന്നുപോകുന്നത് സിമന്റ് പൈപ്പോ പിവിസി പൈപ്പോ ആണെന്നും ജോയിന്റിലാകാം ചോര്‍ച്ചയെന്നും ആഴ്ചകളായി റോഡ് വെള്ളക്കെട്ടിലാണെന്നും വ്യാപാരികളും പ്രദേശവാസികളും പറയുന്നു.
പൈപ്പ് പൊട്ടി ജലം പാഴാകുന്നതിനാല്‍ നിരവധി വീടുകളില്‍ ജലം ലഭിക്കുന്നില്ലെന്നും വാട്ടര്‍ അഥോറിറ്റി അടിയന്തരമായി പരിഹാരം കാണണമെന്നും വേട്ടമുക്ക് റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.